മനം കവര്‍ന്ന ടു പീസ് സാരി

single-img
16 August 2011

കൗമാരപ്രായം കടക്കുമ്പോഴേ പെണ്‍കൊടിമാര്‍ക്കുള്ളില്‍ സാരിയുടുത്ത് ചെത്തിനടക്കാനുള്ള മോഹം തുടങ്ങും. പക്ഷേ സാരിയൊന്നുടുത്തൊപ്പിക്കാന്‍ എത്രമാത്രം സമയം വേണം. ചുറ്റിച്ചുറ്റി മടുക്കും. പുത്തന്‍ തലമുറയ്ക്ക് സാരിയെ അകറ്റി നിര്‍ത്താന്‍ ഇതില്‍ കൂടുതലെന്തെങ്കിലും ന്യായം വോണോ? വിശേഷാവസരങ്ങളില്‍ ‘കഷ്ടപ്പെട്ട്’ ഉടുക്കുന്ന ഒരു വസ്ത്രമായി സാരി.

സൗകര്യക്കുറവിന്റെ കാര്യം പറഞ്ഞ് സാരിയെ തള്ളിക്കളയുന്നതു കണ്ട് അവതരിപ്പിച്ചതാണ് ടൂ പീസ്. പുത്തന്‍ തലമുറക്കാരുടെയിടയില്‍ ഇപ്പോള്‍ ഹിറ്റാണ് ടൂ പീസ് സാരി. മുണ്ടും നേരിയതും ഏറെ ഇഷ്ടപ്പെടുന്ന മലയാളി മങ്കമാര്‍ക്ക് ടൂ പീസും ഇഷ്ടപ്പെടും.

മുണ്ടും നേരിയതും പോലെത്തന്നെ ടൂ പീസ് സാരിയും. രണ്ട് കഷ്ണങ്ങള്‍. മുണ്ടിന്റെ സ്ഥാനത്ത് ഞൊറിയിടുത്തതുപോലെ പ്ലീറ്റ്‌സുകളടക്കം സ്റ്റിച്ച്‌ചെയ്ത പീസാണുണ്ടാവുക. അതുകൊണ്ട് പ്ലീറ്റ്‌സ് എടുത്ത് കഷ്ടപ്പെടുകയും വേണ്ട. മുന്താണിയാണ് രണ്ടാമത്തെ പീസ്.

സാരിത്തുമ്പ് പാവാടയില്‍ കുത്തിയുറപ്പിക്കും പോലെ തന്നെ ടൂ പീസിന്റെ സ്റ്റിച്ച് ചെയ്ത ആദ്യപീസും കുത്തും. ഒന്ന് ചുറ്റിയെടുക്കുമ്പോള്‍ പ്ലീറ്റ്‌സ് അതിന്റെ കൃത്യസ്ഥാനത്തെത്തും.

വിവിധ വര്‍ണങ്ങളില്‍, പല മെറ്റീരിയലുകളില്‍, വ്യത്യസ്ത വര്‍ക്കുകളോടെ ടൂ പീസ് സാരി കിട്ടും.

2800 രൂപയാണ് തുടക്കവില. 2800 രൂപ മുതല്‍ 6000 രൂപ വരെയുള്ള ടൂ പീസ് സാരികള്‍ ലഭ്യമാണ്. മെറ്റീരിയലിനും വര്‍ക്കിനുമനുസരിച്ചാണ് വില കൂടുന്നത്. സാരിയുടുത്തതിന്റെ ഗമയുമായി, എന്നാല്‍ രണ്ട് മിനിറ്റില്‍ കൂടുതലാവുകയുമില്ല.

മലയാളിയുടെ സ്വന്തം മുണ്ടും നേര്യതിലുമുണ്ട് കാലോചിതമായ മാറ്റങ്ങള്‍. പുളിയിലക്കരയ്ക്കും കസവ് മുണ്ടിനുമൊപ്പം കരയില്‍ അലങ്കാരത്തുന്നലുകളും ചിത്രപ്പണികളും ഉള്ള മുണ്ടും നേര്യതും ഇപ്പോള്‍ വിപണിയില്‍ താരമായിക്കഴിഞ്ഞു.

പാരമ്പര്യത്തനിമ ഒട്ടും ചോരാതെ പുത്തന്‍ ട്രെന്‍ഡുകള്‍ സംയോജിപ്പിച്ചാണ് ഇത്തരം സാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. 800 രൂപ മുതല്‍ വില വരുന്ന ഇവയ്ക്ക് പകിട്ട് തോന്നിപ്പിക്കുന്നതിനാല്‍ വിശേഷാവസരങ്ങളിലും അണിയാമെന്നതാണ് ഇവയുടെ പ്രത്യേകത.