ചെങ്കോട്ട ഭീകരാക്രമണം; മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവെച്ചു

single-img
10 August 2011

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇനി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുക എന്ന പോംവഴി മാത്രമാണ് മുഹമ്മദ് ആരിഫിന് മുന്നിലുള്ളത്. ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തോയ്ബയുടെ നേതാവാണ് മുഹമ്മദ് ആരിഫ്.

2000 ഡിസംബര്‍ 22നാണ് ചെങ്കോട്ട ആക്രമിച്ചത്. രണ്ട് സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.

ജസ്റ്റിസുമാരായ വി.എസ്.സിര്‍പുര്‍ക്കര്‍, ടി.എസ്.താക്കൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ആരിഫിന്റെ വധശിക്ഷ ശരിവച്ചത്. 2005ല്‍ വിചാരണ കോടതിയാണ് പാക്കിസ്താന്‍കാരനായ മുഹമ്മദ് ആരിഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഡല്‍ഹി ഹൈക്കോടതി ഇത് ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ ആരിഫ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവച്ച ഡല്‍ഹി ഹൈക്കോടതി ആരിഫിന്റെ ഭാര്യ റഹ്മാന ഉള്‍പ്പെടെ ആറ് പ്രതികളെ വെറുതെവിട്ടിരുന്നു.