ഇസ്രയേലിന്റെ ജനവാസ മേഖലയിലെ ഹമാസ് ഭീകരരുടെ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും: കെ കെ ശൈലജ
ഇപ്പോൾ നടക്കുന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് മുന്‍ മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
മാത്രമല്ല, 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ ശൈലജ പറയുന്നു..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.