വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കി ആകാശ എയർ
ന്യൂഡല്‍ഹി: നവംബര്‍ 1 മുതല്‍ യാത്രക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കാന്‍ ആകാശ എയര്‍.അതേസമയം, വളര്‍ത്തുമൃഗങ്ങളെ ക്യാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആകാശ എയര്‍ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമില്‍ കവിയരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ഭാരം 7 കിലോഗ്രാമില്‍ കൂടുതലാണെങ്കില്‍ കാര്‍ഗോ വിഭാഗത്തില്‍ യാത്ര ചെയ്യേണ്ടിവരുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
വളര്‍ത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ആകാശ എയര്‍ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് എക്സ്പീരിയന്‍സ് ഓഫീസര്‍ ബെല്‍സണ്‍ കുട്ടീന്യോ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യന്‍ കാരിയറായി ആകാശ എയര്‍ മാറി. നേരത്തെ, വളര്‍ത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാന്‍ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്ബനി എയര്‍ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയര്‍ ഇന്ത്യ വളര്‍ത്തുമൃഗങ്ങളെ അനുവദിച്ചത്.