പെണ്‍കുട്ടി തൂങ്ങി മരിച്ച ശേഷം അഴിച്ചു നിലത്തു കിടത്തി അതേ കയറില്‍ യുവാവും ആത്മഹത്യ ചെയ്തു;യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കണ്ടെത്തൽ

single-img
3 November 2022

ചേര്‍ത്തല: പള്ളിപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ ഷെഡില്‍ സമീപവാസികളായ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തത തേടി പൊലീസ്.

ഇരുവരും തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

യുവാവിനെ തൂങ്ങിയ നിലയിലും പെണ്‍കുട്ടിയുടെ മൃദേഹം നിലത്തു കിടക്കുന്നതുമായാണ് കണ്ടെത്തിയത്. പെണ്‍കുട്ടി തൂങ്ങി മരിച്ച ശേഷം അഴിച്ചു നിലത്തു കിടത്തി അതേ കയറില്‍ യുവാവും തൂങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. മറ്റു ബലപ്രയോഗങ്ങളൊന്നും പെണ്‍കുട്ടിക്ക് മേല്‍ നടന്നിട്ടില്ല.

പള്ളിപ്പുറം പഞ്ചായത്ത് 12ാം വാര്‍ഡ് ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു23), ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പാല സ്വദേശി തേക്കിന്‍ കാട്ടില്‍ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരേയാണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ പൊലീസ് ഫോറന്‍സിക് വിഭാഗം മൃദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ആലപ്പുഴ മെഡി. ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് മൃദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാമ്രേ കൂടുതല്‍ വ്യക്തതയുണ്ടാവൂ.

പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്ന എലിസബത്ത് സ്‌കൂളിലേക്കെന്ന പേരിലാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന അനന്തകൃഷ്ണന്‍ ഞായറാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നിറങ്ങിയതാണ്. തിങ്കളാഴ്ച രാത്രിയോടെ അനന്തകൃഷ്ണന്റെ പിതാവ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. എലിസബത്തിന്റെ അമ്മൂമ്മയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വീടിനു രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുണ്ടെന്ന് കണ്ടെത്തി. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃദേഹങ്ങള്‍ കണ്ടെത്തിയത്.