വിവാഹ വിരുന്നില്‍ രസഗുള കിട്ടാത്തതിന്റെ പേരില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

28 October 2022

ആഗ്ര: വിവാഹ വിരുന്നില്‍ രസഗുള കിട്ടാത്തതിന്റെ പേരില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്.
തര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം.
മൊഹല്ല ഷെയ്ഖാന്‍ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിരുന്നില്‍ വിതരണം ചെയ്ത രസഗുള തീര്‍ന്നുപോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ എത്തിയത്. കുത്തേറ്റ് വീണ ഇരുപത്തിരണ്ടുകാരനായ സണ്ണിയെ ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരുക്കേറ്റവര്‍ എത്മദ്പുരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.