രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളില്‍ നിന്ന് കണ്ടെത്തിയത് 340 മൊബൈല്‍ ഫോണുകള്‍

single-img
3 February 2023

ദില്ലി: കഴിഞ്ഞ രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളില്‍ നിന്ന് കണ്ടെത്തിയത് 340-ലധികം മൊബൈല്‍ ഫോണുകള്‍.

വ്യാഴാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര മാസത്തിനിടെ ജയില്‍ അധികൃതര്‍ 348 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയെന്നാണ് ഡയറക്ടര്‍ ജനറല്‍ (പ്രിസണ്‍സ്) സഞ്ജയ് ബനിവാള്‍ വിശദമാക്കി. ബുധനാഴ്‌ച മാത്രം നടന്ന പരിശോധനയില്‍ ജയില്‍ 3 ല്‍ നിന്ന് 18 മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ജയിലിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗത്തെ വികസിപ്പിച്ചതിന് ശേഷമാണ് ജയില്‍ സൂപ്രണ്ടുമാര്‍ റെയ്ഡ് ശക്തമാക്കിയത്. ജയിലിനുള്ളിലെ ക്രിമിനലുകള്‍ക്കുള്ള ശക്തമായ സന്ദേശമാണിതെന്നും ബനിവാള്‍ പറഞ്ഞു. ഇത്തരം റെയ്ഡുകള്‍ തുടരുമെന്നും സഞ്ജയ് ബനിവാള്‍ വിശദമാക്കി.

2023-ലേക്കായി ദില്ലി പൊലീസ് 23 ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ജയിലുകള്‍ പൂര്‍ണ്ണമായും ഫോണ്‍ രഹിതമാക്കുക, തടവുകാര്‍ക്ക് പ്രശ്‌നപരിഹാര സംവിധാനം ഒരുക്കുക എന്നിവ ഈ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ജയിലിനുള്ളില്‍ ആര്‍ക്കും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ ജാമര്‍ സ്ഥാപിക്കണമെന്നും ഡിജി പറഞ്ഞു. തടവുകാര്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതില്‍ ജയില്‍ ജീവനക്കാരുര്‍ക്ക് പങ്കുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ മുമ്ബ് കര്‍ശന നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഭാവിയിലും നടപ്പിലാക്കുമെന്നും അദ്ദേഹം വിശദമാക്കി. അന്തേവാസികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി ധാരണാപത്രം ഉണ്ടാക്കുമെന്നും ബനിവാള്‍ പറഞ്ഞു. തടവുകാര്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിന് ജയിലുകള്‍ക്കുള്ളില്‍ ക്രമീകരണങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന് രാഷ്ട്രപതിയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജയിലില്‍ നിന്ന് പുറത്തുപോകുമ്ബോള്‍ അവര്‍ക്ക് ജോലി ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ അര്‍ബന്‍ ലൈവ് ലിഹുഡ്സ് മിഷന്‍ പ്രകാരം മൊത്തം 1,020 ജയില്‍ തടവുകാര്‍ക്ക് വിനോദസഞ്ചാരത്തിലും ഹോസ്പിറ്റാലിറ്റിയിലുമായി പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന് പുറമേ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴിലായി 1,000 തടവുകാര്‍ക്ക് വീതം ഉയര്‍ന്ന വസ്ത്രങ്ങള്‍ തുന്നുന്നതിനുള്ള നൈപുണ്യ പരിശീലനത്തിന്റെ ഭാഗമാകുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങി സംരംഭകരാകാനാകും. മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി വഴി തയ്യല്‍ ബിസിനസ്സ് ആരംഭിക്കാനുള്ള സഹായം തടവുകാര്‍ക്ക് ലഭിക്കുമെന്നും ഡിജി വിശദമാക്കി.