ഒമിക്രോണ്‍ വേരിയന്റിനെതിരായ വാക്‌സിന്‍ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടന്‍ 

single-img
16 August 2022

ലണ്ടന്‍: കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വേരിയന്റിനെതിരായ വാക്‌സിന്‍ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി.

യു കെ മെഡിസിന്‍ റെഗുലേറ്റര്‍ ( എം എച്ച്‌ ആര്‍ എ ) മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്ററായി മോഡേണ നിര്‍മ്മിച്ച ‘ബൈവാലന്റ്’ വാക്‌സിന്‍ അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനും വകഭേധമായ ഒമിക്റോണിനും (BA.1) എതിരെ ബൂസ്റ്റര്‍ ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിക്കുന്നുവെന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എം എച്ച്‌ ആര്‍ എയുടെ തീരുമാനം.

ഒമിക്രോണ്‍ ഉപ-വകഭേദങ്ങളായ BA.4, BA.5 എന്നിവയ്ക്കെതിരെയും വാക്‌സിന്‍ മികച്ച രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതായി കണ്ടെത്തി. ലോകത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രിട്ടണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഛണ്ഡിഗഢ്, കേരളം, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരുന്നു.

ബൈവാലന്റ് വാക്സിന്‍ അംഗീകരിച്ച തീരുമാനത്തില്‍ ആഹ്ലാദിക്കുന്നു എന്ന് മോഡേണയുടെ സി ഇ ഒ സ്റ്റെഫാന്‍ ബാന്‍സല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2019 അവസാനത്തോടെ ചൈനയില്‍ ആദ്യമായി ഉയര്‍ന്നുവന്ന കൊവിഡില്‍ നിന്ന് പ്രതിരോധം നേടാന്‍ വാക്സിനുകള്‍ സഹായിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് ഭീതി ഇനിയും അവസാനിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ ) ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫൈസര്‍- ബയോ എന്‍ടെക്, മോഡേണ വാക്സിനുകള്‍ കൊവിഡ് ആശുപത്രിവാസം കുറച്ചിരുന്നു. ശൈത്യകാലത്ത് ഒമിക്രോണ്‍ തരംഗത്തില്‍ വാക്സിനേഷന്‍ എടുത്ത ആളുകളെ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ആളുകളുടെ സംരക്ഷണ നിലവാരം ഉയര്‍ത്തി എന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. യോഗ്യരായ എല്ലാ ആളുകളും ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കണം എന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു.