വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

single-img
4 August 2022

ലക്‌നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഇതിനായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും ഒരാള്‍ക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങീ നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്കാണ് ജോലി നല്‍കിയത്. 60ലക്ഷത്തോളം ആളുകള്‍ക്ക് സ്വയം തൊഴിലിനായി വായ്പ നല്‍കി’ യോഗി പറഞ്ഞു.

‘ 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായിരുന്നു. എന്നാല്‍ ഇന്നത് 2.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. 1 ട്രില്ല്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥയായി മാറാനുള്ള നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥയായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ സംഭാവനയായിരിക്കും ഇത്.

നേരത്തെ സമ്ബത്തിന്റെ കാര്യത്തില്‍ യുപി രാജ്യത്ത് ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് രണ്ടാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയായി ഉയര്‍ന്നു. ജിഡിപിയില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.