കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം; ഈ രാത്രി നിർണ്ണായകം

single-img
4 August 2022

തൃശൂര്‍: കനത്തമഴയില്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം.

തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് തുടങ്ങി

അതിനിടെ, ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രേഖകളും ആവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്ബുകളിലേക്ക് മാറണം. വൈകുന്നരമാകുമ്ബോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പേരും മാറിത്താമസിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാത്രിയോടെ മാത്രമേ തമിഴ്‌നാട്ടില്‍നിന്നുള്ള വെള്ളം പൂര്‍ണായും ഇവിടെ എത്തിത്തുടങ്ങൂ. പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണു തമിഴ്‌നാട് ഷോളയാറിലെ വെള്ളം തുറന്നു വിട്ടു തുടങ്ങിയത്. ഇവിടെനിന്നും എത്ര വെള്ളം കൂടി തുറന്നുവിടുമെന്നു വ്യക്തമല്ല.

ചാലക്കുടി പുഴയിലെ വെള്ളം കടലിലേക്കു പോകുന്നത് ആശ്രയിച്ചാണ് ഈ പ്രദേശത്തു വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുക. ഉച്ചവരെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. രാത്രി കടല്‍ കയറിയാല്‍ ഇതിന്റെ വേഗം കുറയുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തേക്കു മാത്രമായി പ്രത്യേക സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ടെന്നു കലക്ടര്‍ ഹരിത വി.കുമാര്‍ പറഞ്ഞു.

അതിനിടെ ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും 2.5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ എല്ലാ ഷട്ടറുകളും 17.5 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.