തായ്‌വാനെ വലയം വെച്ച് ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസം ആരംഭിച്ചു

single-img
4 August 2022

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ദ്വീപ് സന്ദർശനത്തിന് പിന്നാലെ തായ്‌വാനെ വലയം ചെയ്യുന്ന ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസം ആരംഭിച്ചു. ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച അഭ്യാസങ്ങളിൽ “ലൈവ്-ഫയറിംഗ്” ഉൾപ്പടെ ഉണ്ടാകുമെന്നു ചൈനീസ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനികാഭ്യാസം ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും.

അതെ സമയം പരിശീലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ തായ്‌വാനിലെ മാരിടൈം ആൻഡ് പോർട്ട് ബ്യൂറോ ബുധനാഴ്ച കപ്പലുകൾക്ക് ചൈനീസ് അഭ്യാസത്തിന് ഉപയോഗിക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത് ആദ്യമായിട്ടാണ് ഇത്ര വലിയ സൈനികാഭ്യാസം ചൈന തായ്‌വാൻ അതിർത്തിയിൽ നടത്തുന്നത്. ചില പ്രദേശങ്ങളിൽ തായ്‌വാൻ തീരത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് സൈനികാഭ്യാസം നടക്കുന്നത്. കൂടാതെ ഇത് ആദ്യമായിട്ടാണ് ലൈവ് ലോംഗ് റേഞ്ച് പീരങ്കികൾ ഈ മേഖലയിലെ സൈനിക അഭ്യാസത്തിനു ചൈന ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്നാൽ നിലവിൽ ചൈന തായ്‌വാനിൽ നേരിട്ടുള്ള ഒരു സൈനിക ഓപ്പറേഷൻ നടത്തില്ല എന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ ഭാവിയിൽ സൈനിക നടപടി ഉണ്ടാകുന്ന സാധ്യതയും ഇവർ കാണുന്നു.