ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച വിഷയത്തില്‍ സര്‍ക്കാറിനോട് ഇടഞ്ഞ് കാന്തപുരം വിഭാഗം

single-img
30 July 2022

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച വിഷയത്തില്‍ സര്‍ക്കാറിനോട് ഇടഞ്ഞ് സുന്നി കാന്തപുരം വിഭാഗം.

സുന്നി യുവജന സംഘം പ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തുടക്കം മുതല്‍ കാന്തപുരം വിഭാഗം ശക്തമായ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങള്‍ക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു.

എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കലക്ടറായി നിയമിച്ച നടപടി കനത്ത തിരിച്ചടിയായി. ഇടതു സര്‍ക്കാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയെന്ന നിലയില്‍ എതിരാളികളില്‍നിന്നുള്ള പരിഹാസം ഏറ്റുവാങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് സംഘടനയുടെ തീരുമാനം. ശനിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തുന്ന കലക്ടറേറ്റു മാര്‍ച്ച്‌ ഇതിന്റെ ഭാഗമാണ്. ബഹുജന സംഘടനയെന്ന നിലയില്‍ കേരള മുസ്‍ലിം ജമാഅത്തിന്റെ ബാനറിലാണ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതെങ്കിലും എസ്.വൈ.എസിന്റെയും സുന്നി പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തമുണ്ടാകും. മാര്‍ച്ച്‌ സര്‍ക്കാറിന് കനത്ത താക്കീതായി മാറണമെന്നാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയ നിര്‍ദേശം.

കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍സ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ കവിഞ്ഞ് ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് അദ്ദേഹം നല്‍കിയ സന്ദേശം. കെ.എം. ബഷീര്‍ വധക്കേസില്‍ തങ്ങളുടെ പ്രതിഷേധം അവഗണിച്ച്‌ സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിമാനപ്രശ്നമായാണ് സംഘടന കാണുന്നത്.

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്‍ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ പരോക്ഷമായി സര്‍ക്കാറിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്.

അതേസമയം, വിഷയത്തില്‍ ആദ്യം പ്രതിഷേധത്തിനിറങ്ങി മുഖ്യമന്ത്രിയോട് ഉറപ്പ് വാങ്ങുകയും പിന്നീട് നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തത് ഇ.കെ വിഭാഗത്തിന്റെ നേട്ടമായി അവതരിപ്പിക്കപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാറിനൊപ്പം നിന്നിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന വികാരം കാന്തപുരം വിഭാഗത്തിനുണ്ട്.

മറ്റു സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമുദായ സംഘടനകളുമായും മത മേലധ്യക്ഷന്മാരുമായും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ കെ.എം. ബഷീര്‍ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച്‌ തങ്ങളെ കൊഞ്ഞനംകുത്തുകയായിരുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിന്റെ വിലയിരുത്തല്‍