യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കേരളം സുപ്രീംകോടതിയില്‍

single-img
26 July 2022

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കേരളം സുപ്രീംകോടതിയില്‍.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ യുഎപിഎ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും, കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

രൂപേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച്‌ 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസിലും, 2014ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുകളില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കമമെന്നുമാണ് 2008ലെ ചട്ടം വ്യവസ്ഥ ചെയ്യുന്നത്. രൂപേഷിന്റെ കേസില്‍ ഇത് ആറുമാസം വരെ എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ യുഎപിഎ ചുമത്തുക എന്നത് ചട്ടങ്ങള്‍ പ്രകാരം നിര്‍ദേശക സ്വഭാവമുള്ളത് മാക്രമാണെന്നും, നിര്‍ബന്ധിത സ്വഭാവമുള്ളതല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.