പ്രതിഷേധം തുടരുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ ഇന്ന് അധികാരമേൽക്കും

single-img
21 July 2022

പ്രതിഷേധം തുടരുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി 73കാരനായ റനിൽ വിക്രമസിംഗെ ഇന്ന് അധികാരമേൽക്കും. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനിൽ പരാജയപ്പെടുത്തിയത്. ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റാവുമ്പോൾ ലങ്കയെ കൈപിടിച്ചുയർത്തുക എന്നതാണ് ആദ്യ ദൗത്യം.

225 അംഗ പാർലമെന്റിൽ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റനിൽ നേടിയപ്പോൾ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്കു മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ജനകീയ വിപ്ലവത്തെ തുടർന്നാണ് പ്രസിഡന്റായിരുന്ന ഗോതബയ രജപക്സേക്ക് രാജിവെക്കേണ്ടിവന്നത്. കലാപത്തെ തുടർന്ന് സിംഗപ്പൂരിൽ അഭയം പ്രാപിച്ച അദ്ദേഹം അവിടെ വെച്ചാണ് രാജി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് റനിൽ വിക്രമസിംഗെ താത്കാലിക പ്രസിഡന്റായി നേരത്തെ ചുമതല ഏറ്റിരുന്നു.

2024 നവംബർ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. കഴിഞ്ഞ 44 വർഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. 1982, 1988, 1994, 1999, 2005, 2010, 2015, 2019 വർഷങ്ങളിൽ ജനകീയ വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്