ലുലുമാള്‍ ‘ശുദ്ധീകരിക്കാ’നെന്ന പേരില്‍ അയോധ്യയില്‍ നിന്നെത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

single-img
20 July 2022

ലക്നോ | ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പുതുതായി ആരംഭിച്ച ലുലുമാളിനെ വിവാദ കേന്ദ്രമാക്കി മാറ്റാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ തന്നെ ശക്തമായ തിരിച്ചടി.

ലുലുമാള്‍ ‘ശുദ്ധീകരിക്കാ’നെന്ന പേരില്‍ അയോധ്യയില്‍ നിന്നെത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അയോധ്യയിലെ പ്രശസ്ത പൂജാരി ജഗദ്ഗുരി പരമഹംസനെയാണ് പോലീസ് മാളിന് മുന്നില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ലുലുമാളില്‍ നിസ്കാരം നടന്ന സ്ഥലം ശുദ്ധീകലശം ചെയ്യണമെന്ന് അവകാശപ്പെട്ടാണ് ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം മാളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുലുമാളില്‍ നിസ്കാരം നടന്നതിനാല്‍ ആ സ്ഥലം അശുദ്ധമായെന്നും അതിനാല്‍ ശുദ്ധികലശം നടത്തണമെന്നുമായിരുന്നു ഇയാളുടെ വാദം. ലുലുമാളിന്റെ പേര് കാവിഭവന്‍ എന്നാക്കണമെന്ന വിചിത്രമായ ആവശ്യവും ഇയാള്‍ മുന്നോട്ടുവെച്ചു. ഇത്തരം വിവാദങ്ങളുടെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് പരമഹംസന്‍. നേരത്തെ ആഗ്രയില്‍ താജ്മഹലില്‍ ജലാഭിഷേകം നടത്താന്‍ എത്തിയ ഇയാളെ അവിടെയും പോലീസ് തടഞ്ഞിരുന്നു.

ലുലുമാളിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗ ഭരണകൂടത്തിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ലക്നൗവിലെ ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് യോഗി നിലപാട് കടുപ്പിച്ചത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മതസ്പര്‍ദ്ധ വളര്‍ത്താനും അരാജകത്വം സൃഷ്ടിയ്ക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് യോഗി നിര്‍ദേശം നല്‍കി.

ലുലുമാളിന് എതിരായ ആസൂത്രിത നീക്കത്തില്‍ നിക്ഷേപകര്‍ അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് യോഗിക്ക് സ്വന്തം അനുയായികളെ തള്ളിപ്പറയേണ്ടിവന്നതെന്നതാണ് വസ്തുത. 10 ലക്ഷം കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട് അടുത്ത ജനുവരിയില്‍ ലഖ്നൗവില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ലുലുമാള്‍ വിഷയം വിവാദമാക്കുന്നത് ഉചിതമല്ലെന്ന തിരിച്ചറിവാണ് വിഷയത്തില്‍ നിലപാട് മാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി വ്യവസായി എം എ യൂസുഫലിയുടെ നേതൃത്വത്തില്‍ ലക്നൗവില്‍ തുറന്ന ലുലുമാള്‍ ഈമാസം പത്തിനാണ് യു പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. 11 മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിനു ശേഷം ഇവിടെ സന്ദര്‍ശനത്തിന് എത്തിയ ചിലര്‍ മാളിനുള്ളില്‍ നിസ്കാരം നിര്‍വഹിക്കുന്ന വീഡിയോ ഹിന്ദു മഹാസഭ, ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാള്‍ അധികൃതര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ഇതോടെ മാളില്‍ മതപരമായ പ്രാര്‍ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. ഇതിന് ശേഷം ചില ഹിന്ദുത്വ സംഘടനകള്‍ ലുലുമാളിന് ഉള്ളില്‍ കയറി രാമായണ പാരായണത്തിനും ഹനുമാന്‍ ചല്‍സ ആലപിക്കുന്നതിനും ശ്രമം നടത്തിയെങ്കിലും പോലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ലുലുമാളിന് പുറത്ത് ഹിന്ദുത്വ സംഘടനകള്‍ വിവിധ രീതികളില്‍ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, ലക്നോവിലെ ലുലുമാളില്‍ നടന്ന നിസ്കാരം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിന് ബലം നല്‍കുന്ന സി സി ടി വി ദൃശ്യങ്ങള്‍ മാള്‍ അധികൃതര്‍ പോലീസിന് കെെമാറിയിട്ടുണ്ട്. എട്ട് പേരടങ്ങുന്ന സംഘം തിടുക്കത്തില്‍ മാളില്‍ പ്രവേശിക്കുന്നതും എത്തിയ ഉടന്‍ തന്നെ നിസ്കരിക്കാന്‍ ശ്രമം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം ബേസ്മെന്റ് ഫ്ളോറിലും പിന്നീട് ഒന്നാം നിലയിലും നിസ്കാരം നിര്‍വഹിക്കാന്‍ സംഘം ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് സംഘം പോയ സംഘം അവിടെ നിസ്കാരം നിര്‍വഹിക്കുകയായിരുന്നു.

സംഘത്തിലെ ആറ് പേര്‍ നിസ്കരിക്കുന്നതും ബാക്കിയുള്ള രണ്ട് പേര്‍ വീഡിയോ റെക്കോര്‍ഡുചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിസ്കാരം എങ്ങനെ നിര്‍വഹിക്കണമെന്ന പ്രാഥമിക വിവരങ്ങള്‍ പോലും ഇല്ലാത്തവരാണ് മാളില്‍ എത്തി നിസ്കാരം നിരവഹിക്കുന്നതെന്ന് സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വെറും 18 സെക്കന്‍ഡ് കൊണ്ടാണ് സംഘം നിസ്കാരം പൂര്‍ത്തിയാക്കിയത്. ഉടന്‍ തന്നെ അവര്‍ മാള്‍ വിടുകയും പിന്നാലെ നിസ്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുത്വ സംഘടനകള്‍ മാളിനെതിരെ പ്രചാരണവുമായി രംഗത്ത് വന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ വ്യപാര ശൃംഖലകളില്‍ ഒന്നാണ് എം എ യൂസുഫലി നേതൃത്വം നല്‍കുന്ന ലുലുമാള്‍. ലോകത്തുടനീളം ലുലുമാളിന് 232 സ്റ്റോറുകളുണ്ട്. വിവിധ രാജ്യക്കാരായ 60,000 ത്തോളം ജീവനക്കാര്‍ ലുലുമാള്‍ ശൃംഖലയില്‍ ജോലി ചെയ്യുന്നുണ്ട്.