മുഹമ്മദ് സുബൈറിന് എതിരായ നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി; എല്ലാ കേസുകളിലും ജാമ്യം

single-img
20 July 2022

രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ് മാധ്യമ സ്ഥാപനമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്എ ല്ലാ കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തിനെ ഉടൻതന്നെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

പോലീസ് അറസ്‌റ്റെന്ന അധികാരം മിതമായി ഉപയോഗിക്കണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ മുഹമ്മദ് സുബൈറിനെതിരായ നടപടി ന്യായീകരിക്കാനാവില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം എല്ലാ കേസുകളിലും ഹര്‍ജിക്കാരനെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിക്കുകയായിരുന്നു. മാത്രമല്ല, അദ്ദേഹത്തിനെതിരായ എല്ലാ എഫ്ഐആറുകളും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. യുപിയിൽ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹര്‍ജിയിലാണ് കോടതി വിധി.

2018ലെ ഒരു ട്വീറ്റിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയെങ്കിലും മറ്റുകേസുകള്‍ കാരണം സുബൈര്‍ ജയിലില്‍ തുടരുകയാണ്.