സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല: കെ സുധാകരൻ

single-img
6 July 2022

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും സിപിഎമ്മിലെ ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ് എന്നും പ്രതികരിച്ചു.

സുധാകരന്റെ വാക്കുകൾ: ‘ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം.ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല.

‘ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും …….’ എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ്.

എത്രയും വേഗം സജി ചെറിയാനെ പുറത്താക്കാന്‍ സിപിഐഎം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കും’.