ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് വിപ്ലവ കവി ഗദ്ദര്‍

single-img
6 July 2022

പഴയകാല തീവ്ര ഇടതുപക്ഷ അനുഭാവിയും തെലങ്കാനയുടെ വിപ്ലവ കവിയുമായ ഗദ്ദര്‍ ബിജെപി പൊതുസമ്മേളനത്തിനെത്തി. ബിജെപിയുടെ ഹൈദരാബാദിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തിനാണ് ഗദ്ദറെത്തിയത്.

യോഗത്തിലേക്ക് വിഐപി പാസ്സോടു കൂടിയാണ് ഗദ്ദര്‍ എത്തിയത്. തുടർന്ന് യോഗത്തിന്റെ ആദ്യാവസാനം ഗദ്ദര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തിനോടും തെലങ്കാനയോടും പ്രധാനമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനാണ് താന്‍ പങ്കെടുത്തത് എന്നായിരുന്നു ഗദ്ദറിന്റെ പ്രതികരണം.

നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തോടൊപ്പം സജീവമായി നിലകൊണ്ട ഗദ്ദര്‍ സംസ്ഥാനത്ത് വളരെ ജനകീയനാണ്. ഇടതുപക്ഷ -മതേതര രാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട ഗദ്ദര്‍ ബിജെപി പൊതിയോഗത്തില്‍ പങ്കെടുത്തത് സംസ്ഥാനത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യോഗത്തിനെത്തിയ ഗദ്ദറിനോടൊപ്പം ബിജെപി പ്രവര്‍ത്തകര്‍ മൊബൈലിൽ സെല്‍ഫികളെടുത്തു.