ഞാന്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു: വി മുരളീധരന്‍

single-img
1 July 2022

താനാണ് കേരളം ഭരിച്ചിരുന്നെങ്കില്‍ എ.കെ.ജി. സെന്ററിലേക്ക് ബോംബെറിഞ്ഞത് പോലത്തെ സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മയാണിതെന്നും, സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നും വി. മുരളീധരന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. തിരുവനന്തപുരത്തെ പോലീസ് നിരീക്ഷണം ഇത്ര ദുര്‍ബലമാണോ? കേരളത്തിലെ പോലീസിന്റെ ഇന്റലിജെന്‍സ് വിഭാഗം ഇത്ര ദുര്‍ബലമാണോ? ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. ഭരണം എന്നാല്‍, പ്രസ്താവനയിറക്കലും ബോര്‍ഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തലാണ്. അതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്- വി മുരളിധരൻ പറഞ്ഞു.

എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നും അധികം വൈകാതെ തന്നെ പിടികൂടാൻ കഴിയുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.