കാശ്മീരിൽ സാധാരണക്കാർ കൊല്ലപെടുമ്പോൾ മോദി സർക്കാരിന്റെ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിൽ: രാഹുൽ ഗാന്ധി

single-img
1 June 2022

കാശ്മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കശ്മീരിൽ പണ്ഡിറ്റുകൾ ധർണയിലാണെന്നും എന്നാൽ ഇവിടെ കേന്ദ്ര സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ 5 മാസത്തിനിടെ കാശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് 36 കാരിയായ രജനിബാല ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപികയുടെ പേര് ചോദിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തതായും പറയപ്പെടുന്നു.

‘പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, കാശ്മീരിന്റെ ഇന്നത്തെ യാഥാർത്ഥ്യമാണ്’ രാഹുൽ കുറിച്ചു. സംസ്ഥാനത്തെ താഴ്‌വരയിലെ കുൽഗാം ജില്ലയിൽ അധ്യാപിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധം നടന്നിരുന്നു.