ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം ഇന്ദ്രൻസേട്ടാ; ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ: അൽഫോൺസ് പുത്രൻ

single-img
28 May 2022

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു മുൻപ് വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്ന സിനിമയായിരുന്നു ‘ഹോം’. മത്സരത്തിൽ അവസാന റൗണ്ട് വരെ എത്തിയ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. പക്ഷെ അവാർഡ് പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾ ‘ഹോം’ പാടെ തഴയപ്പെടുകയായിരുന്നു.

അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ ഹോമിനെ തഴഞ്ഞതിൽ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇന്ദ്രന്‍സിനും ‘ഹോം’ സിനിമയ്ക്കും പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

മോഹൻലാൽ നായകനായ ഗുരു സിനിമയില്‍ കാണിക്കുന്ന ഇലാമാ പഴം നല്‍കി നോക്കാം, ചിലപ്പോള്‍ ജൂറിയുടെ കണ്ണ് തുറന്നേക്കാം എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിക്കുകയും ചെയ്തു. പക്ഷെ ഏതാനും സമയത്തിന് ശേഷം അൽഫോൻസ് പുത്രൻ ആ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം: ”ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന്‍ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന്‍ ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല.

ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാല്ലോല്ലേ’