ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടിക്കൊടുക്കുന്ന ബൂത്തിന് 25,001 രൂപ നൽകുമെന്ന് വാഗ്ദാനം; പ്രവാസി സംഘടനക്കെതിരെ എൽഡിഎഫ് പരാതി നൽകി

single-img
20 May 2022

തൃക്കാക്കര മണ്ഡലത്തില്‍ വോട്ടിന് പ്രതിഫലം വാഗ്ദാനം ചെയ്ത പ്രവാസി സംഘടന ഇന്‍കാസ് യൂത്ത് വിംഗിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം സ്വരാജ് പരാതിനൽകി.ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നൽകിയ പരാതിയിൽ സ്വരാജ് പറയുന്നു.

ഉമാ തോമസിന് മണ്ഡലത്തിൽ ഏറ്റവും വലിയ ലീഡ് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു ഉമാ തോമസിന്റെ ചിത്രം സഹിതമുള്ള പരസ്യം. ഒരു സ്നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.

വിഷയത്തിൽ കോണ്‍ഗ്രസിനെതിരെയും ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നുമുള്ള പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്‌കോ കളമശേരി രംഗത്തെത്തിയിരുന്നു. ഇദ്ദേഹം പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയിരുന്നത്.