കോൺഗ്രസ് അടിമുടി അഴിമതിയും ജാതീയതയും നിറഞ്ഞ പാർട്ടി; രൂക്ഷ വിമർശനവുമായി ഹാർദ്ദിക് പട്ടേൽ

single-img
19 May 2022

ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജാതീയത നിലനിൽക്കുന്ന പാർട്ടി കോൺഗ്രസാണെന്ന് ഹാർദ്ദിക് പട്ടേൽ. ഏറ്റവും കൂടുതൽ അധികം ജാതീയതയും അഴിമതിയും നിറഞ്ഞ പാർട്ടി കോൺഗ്രസാണെന്ന് ഇന്ന് അഹമ്മദാബാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഹാർദ്ദിക് പട്ടേൽ ആരോപിച്ചത്. നേരത്തെ ഗുജറാത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ 25,000 പേരാണ് പങ്കെടുത്തത്. പിന്നീട് ഈ റാലിയുടെ ചെലവ് ബില്ല് വന്നപ്പോൾ റാലിയിൽ പങ്കെടുത്തത് 70000 പേരായി.

ഇതുതന്നെയാണ് അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ് പുലർത്തുന്ന നിലവാരമെന്ന് ഹാർദ്ദിക് പട്ടേൽ ആരോപിച്ചു. അതേസമയം, ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാർദ്ദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ പാട്ടിദാർ നേതാക്കളോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. ആദ്യം തന്നെ മുതിർന്ന പാട്ടിദാർ നേതാക്കൾ കോൺഗ്രസിൽ ചേരരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മുതിർന്ന നേതാക്കളോടും പ്രവർത്തകരോടും മാപ്പ് ചോദിക്കുകയാണ്. അവർ നൽകിയ മുന്നറിയിപ്പ് താൻ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ഹാർദ്ദിക് പട്ടേൽ പറഞ്ഞു.