മന്‍സിയ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല; നിലപാട് മാറ്റവുമായി വിശ്വഹിന്ദു പരിഷത്ത്

single-img
2 April 2022

തൃശൂർ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മന്‍സിയയുടെ നൃത്തവിലക്കില്‍ മുൻപ് സ്വീകരിച്ചിരുന്ന നിലപാട് മാറ്റി വിഎച്ച്പി. ക്ഷേത്രത്തില്‍ മന്‍സിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്രാചാരപ്രകാരം അഹിന്ദുക്കള്‍ക്ക് കൂടല്‍മാണിക്യ ക്ഷേത്രത്തിനകത്ത് കയറാനാകില്ല എന്ന് സംഘടന പറയുന്നു.

ക്ഷേത്രാചാരത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഇപ്പോഴത്തെ ഭരണസമിതി സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് മന്‍സിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. കേരളത്തിൽ മതപരിവര്‍ത്തനം നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ഇന്ന് കൊച്ചിയിലെത്തിയ വിഎച്ച്പി രാജ്യാന്തര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ് പരാന്തേ ആവശ്യപ്പെട്ടു.

അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വി പി മന്‍സിയക്ക് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആര്‍ രാജശേഖരനുമാണ് പ്രസ്താവനയില്‍ കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.

കേരളത്തിലെ ഇടതു മുന്നണി സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്‌കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിക്കുകയും ചെയ്തിരുന്നു. പ്രതിഷേധമായി വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയക്ക് സ്വീകരണം നല്‍കാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. വേണ്ടി വന്നാല്‍ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മാറിയത്.