ചെയ്യേണ്ടത് ശരിയായ സമയത്ത് ചെയ്യണം; ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും: മുഖ്യമന്ത്രി

single-img
31 March 2022

നാടിനാവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല എന്ന് കെ റെയിൽ വിഷയത്തിൽ നിലപാട് ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്യേണ്ടത് ശരിയായ സമയത്ത് ചെയ്യണം. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നുംഅദ്ദേഹം ഓർമ്മപ്പെടുത്തി. ഇതാണ് മുന്നണി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

225.2 കോടി രൂപ ചെലവിൽ ബി.എം.ആന്‍റ്.ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മറ്റുള്ള നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. കേരളം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യം. മഹാഭൂരിപക്ഷം ജനങ്ങൾ കെ റെയിൽ അനുകൂലിക്കുന്നു. പദ്ധതിയോട് അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒരു ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇന്ന് റോഡ് വികസനത്തിനൊപ്പമാണ്. അന്ന് എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഉണ്ടായില്ല. ജനങ്ങളോട് ക്ഷമ ചോദിക്കാൻ അവർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിൽ കഴിഞ്ഞ നാളുകളിൽ നാം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കേരളത്തിന്‍റെ വളര്‍ച്ച സാധ്യമാക്കാൻ ഈ പദ്ധതികൾ സഹായകമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.