പരവൂരില്‍ റഷ്യൻ വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറ്; മൂന്ന് പേര്‍ പിടിയില്‍

single-img
29 January 2022

കൊല്ലം ജില്ലയിലെ പരവൂരില്‍ റഷ്യയിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. കായലില്‍ കയാക്കിങ്ങ് പരിശീലനത്തിന് എത്തിയ റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കല്ലെറിഞ്ഞ പരവൂര്‍ സ്വദേശികളായ പ്രശാന്ത് , വിഷ്ണു, ശ്രീരാജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മദ്യലഹരിയിൽ എത്തിയ സംഘം വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പോലീസിൽ ലഭിച്ച പരാതി. ഈ പരാതിയെ തുടര്‍ന്ന് പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തു. ആക്രമണത്തിന് പിന്നില്‍ പത്ത് പേര്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.