ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം പരാമർശം; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

single-img
12 January 2022

ഇടുക്കി എൻജിനീയറിംഗ് കോളേജിൽ യൂത്തുകോൺഗ്രസ് പ്രവർത്തകനാൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായി എന്നും എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. യാതൊരു കാരണവുമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. ധീരജ് കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങിനെ: ”നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. കേരളത്തിലെ മനസാക്ഷിയുള്ള എല്ലാവരുടെയും മനസിലെ നീറ്റായി, വേദനയായി ധീരജ് നിലകൊള്ളുകയാണ്. വിദ്യാര്‍ഥികള്‍ കുടുംബത്തിന്റെ പ്രതീക്ഷയാണ്, നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണ്.’ ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. എന്നിട്ട് അതിനെ ന്യായികരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്താണ് ഇതിന്റെ അര്‍ത്ഥം. ഇങ്ങനെയാണോ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കാമോ? ധീരജിനെ കൊന്നവരില്‍ ചിലരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.”