വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; നവവധു സ്ത്രീധനമായ 51 പവന്‍റെ ആഭരണങ്ങളും കാറുമായി കാമുകനോടൊപ്പം നാടുവിട്ടു

single-img
29 October 2021

വിവാഹം നടന്നിട്ട് കേവലം രണ്ടാഴ്ച മാത്രം കഴിഞ്ഞപ്പോൾ നവവധു ആഭരണങ്ങളുമായി കാമുകനോടൊപ്പം നാടുവിട്ടു . തുടർന്ന് യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് വിവാഹശേഷം സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസികൂടിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്.

വളരെ ആർഭാടപൂർവ്വമായിരുന്നു ഇവരുടെ വിവാഹം നടന്നത്. സന്തോഷപൂർവം ഇവർ ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്ബിഐയിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് പോകുകയായിരുന്നു . ഈ യാത്രയിൽ വീട്ടുകാർ സ്ത്രീധനമായി നൽകിയ 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. അന്നേ ദിവസം വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.