സെയ്തലവിയുടെ വാദം പൊളിഞ്ഞു; സെയ്തലവിക്ക് താന്‍ അയച്ചത് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത്

single-img
20 September 2021

ഓണം ബമ്പര്‍ ലോട്ടറിയുടെ ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദ്. സമ്മാനം ലഭിച്ചത് തനിക്കാണ് എന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി രംഗത്തെത്തിയ പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നിരുന്നു. കാരണം, ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സി വ്യക്തമാക്കിയതാണ്.

നിലവില്‍ തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് പറയുന്നു. അഹമ്മദിന്റെ വാക്കുകള്‍ ഇങ്ങിനെ: ”ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്.

എനിക്ക് ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂ എന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്. ”

നിലവില്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ വ്യക്തിയെ കണ്ടെത്തി. കൊച്ചിയിലെ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. അദ്ദേഹം സമ്മാനാര്‍ഹമായ ലോട്ടറി ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു.