വ്യക്തിപരമായി ആക്രമിക്കരുത്; എനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ട്; ലൈവിനിടെ വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍

single-img
3 April 2021

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെടി ജലീലും സിപിഐഎമ്മുമാണെന്ന് ആരോപിച്ചുകൊണ്ട്‌ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍.

തന്നെയും കുടുംബത്തെയും നശിപ്പിക്കാനായി എതിരാളികള്‍ ശ്രമിക്കുന്നുണ്ടെന്നും തവനൂരിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. വികാരാധീനനായി ഫേസ്ബുക്ക് ലൈവിനിടെ ഫിറോസ് വിങ്ങിപ്പൊട്ടി. തനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ടെന്നും അവര്‍ ഫോണ്‍ ചെയ്ത് കരയുകയാണെന്നും വ്യക്തിപരമായി ആക്രമിക്കരുതെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങിനെ:

‘കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അറിയാമല്ലോ. കൂടുതല്‍ പേര്‍ക്ക് നന്മ ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയായി എന്നതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇത്രത്തോളം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ട്’, ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

‘ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ നടത്തുന്നതുകൊണ്ട് എന്നെ വ്യക്തിപരമായി ഇല്ലായ്മ ചെയ്യാനേ പറ്റൂ. അതിലൂടെ എന്നെയും എന്റെ കുടുംബത്തെയും നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ പറ്റും. തവനൂരിലെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. മത്സരരംഗത്തേക്ക് വരാത്ത സമയം വരെ എനിക്കെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല. വളരെ കൃത്യമായാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇങ്ങനെയൊക്കെ നിങ്ങളെന്നെ അപമാനിക്കുന്നുണ്ടെങ്കില്‍ അതിന് മറുപടി ജനങ്ങള്‍ തരും.

ഒരു കാര്യം മാത്രം നിങ്ങളോര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെയെന്ന്. വളരെ വിഷമത്തോടുകൂടിയാണ് ഞാന്‍ പറയുന്നത്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്റെ ഉമ്മയും ഭാര്യയും മക്കളും ഫോണ്‍ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്’, ഫിറോസ് പറഞ്ഞു.