കെഎസ്എഫ്ഇ റെയ്ഡ്; പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന് ധനവകുപ്പ്

single-img
29 November 2020

കെഎസ്എഫ്ഇയിൽ നടന്ന വിജിലന്‍സ് റെയ്ഡ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കുമ്പോള്‍ ഇതിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന വിലയിരുത്തലിൽ ധനവകുപ്പ്.

കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വിജിലന്‍സ് വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിജിലന്‍സിനോട് കൃത്യമായ വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാത്രമല്ല, വിജിലന്‍സ് റെയ്ഡില്‍ സിപിഎമ്മിനും കടുത്ത അതൃപ്തിയുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള പ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷം നടത്തുന്ന ശ്രമം. കേന്ദ്ര ഏജൻസികൾ കിഫ്ബിയിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് കെഎസ്എഫ്ഇയ്‌ക്കെതിരെ സംസ്ഥാനത്തെ തന്നെ അന്വേഷണ ഏജന്‍സി തന്നെ ക്രമക്കേട് കണ്ടെത്തി എന്ന് പറഞ്ഞിരിക്കുന്നത്.

അതുകൊണ്ടുതന്നെ കെഎസ്എഫ്ഇവഴി കള്ളപ്പണം വെളുപ്പിച്ചെന്ന സംസ്ഥാന വിജിലന്‍സിന്റെ കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വഴിയൊരുക്കലാണെന്നാണ് ധനവകുപ്പിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടുത്ത ദിവസം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് ഉന്നയിക്കുന്നുണ്ട്.