പിറന്ന ഉടൻ കയ്യിലെടുത്തപ്പോള്‍ ഡോക്ടറുടെ മാസ്‌ക് വലിച്ചു മാറ്റുന്ന കുഞ്ഞ്; ശുഭസൂചനയായി ലോകം ഏറ്റെടുത്ത ചിത്രം

single-img
17 October 2020

ദുബൈ: ഡോക്ടറുടെ മുഖത്തെ മാസ്‌ക് എടുത്തു മാറ്റിയ കുഞ്ഞുകരങ്ങളും പുഞ്ചിരിക്കുന്ന ഡോക്ടറും. മഹാമാരിയില്‍ നിന്ന് മുക്തമാകുന്ന മാനവരാശിയുടെ ശുഭസൂചനയായി ലോകം ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം. സൈബറിടങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായ ആ ചിത്രത്തിലെ ഡോക്ടര്‍ സാമര്‍ ഷി ഐബ്‌ ദുബൈയിലാണ്.

എന്‍എംസി ഉടമസ്ഥതയിലുള്ള ദുബൈയിലെ ഫാകിഹ് ഐവിഎഫ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ലെബനീസ് ഡോക്ടര്‍ സാമര്‍ ഷി ഐബാണ് ചിത്രത്തിലുള്ളത്. വൈകാതെ നമ്മള്‍ മാസ്‌ക് ഉപേക്ഷിക്കുമെന്നതിന്റെ ശുഭസൂചനയാണിതെന്ന അടിക്കുറിപ്പോടെയാണ് ഡോ. സാമര്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിറന്ന ഉടനെ ഡോക്ടറുടെ മുഖത്തെ മാസ്‌ക് നീക്കുന്ന കുഞ്ഞും കുഞ്ഞിനെ കയ്യിലെടുത്ത് പുഞ്ചിരിക്കുന്ന ഡോക്ടറും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി.

ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഡോ. സാമറിന്റെ ട്വീറ്റ് പങ്കുവെച്ചു. പ്രതീക്ഷയും സന്തോഷവും കൊണ്ട് ഹൃദയം നിറയ്ക്കൂ എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.

കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന 42കാരനായ ഡോ സാമറിന്റെ പതിവ് ഡ്യൂട്ടിക്കിടെയായിരുന്നു ആ നിമിഷം ക്യാമറയില്‍ പതിഞ്ഞത്. ഇരട്ടക്കുട്ടികളെയാണ് യുവതി പ്രസവിച്ചത്. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും. ഇതില്‍ രണ്ടാമത്തെ കുഞ്ഞിനെ കയ്യിലെടുത്തപ്പോള്‍ പെട്ടെന്ന് കുഞ്ഞ് തന്റെ മാസ്‌ക് മാറ്റുകയായിരുന്നെന്ന് ഡോ. സാമര്‍ പറയുന്നു.

കുഞ്ഞിന്റെ പിതാവാണ് ആ നിമിഷം പകര്‍ത്തിയത്. ശുഭസൂചനയായി തോന്നിയ ചിത്രം പിന്നീട് ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സ്വപ്‌നം കാണുന്ന ജനതയ്ക്ക് പ്രതീക്ഷയുടെ തുരുത്തായി ഈ ചിത്രവും ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.