പാലത്തിൽ വിള്ളൽ വീണതറിഞ്ഞു എംഎൽഎ പരിശോധിക്കാനെത്തി: എംഎൽഎയ്ക്കു മുന്നിൽ പാലം തകർന്നുവീണു

single-img
30 September 2020

വിള്ളൽ വീണ പാലം പരിശോധിക്കാൻ എത്തിയ എംഎൽഎയ്ക്കു മുന്നിൽ പാലം തകർന്നു വീണു. കർണ്ണറാടകയിലെ എംഎൽഎ രാജ വെങ്കട്ടപ്പ നായകയ്ക്കു മുന്നിലാണ് പാലം തകർന്നു വീണയത്. എംഎൽഎയും അനുയായികളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

കർണാടക റായ്ച്ചൂർ ജില്ലയിലെ സിർവാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.എംഎൽഎ നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം അപ്രതീക്ഷിതമായി തകർന്നുപോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് പാലത്തിൽ വിള്ളൽ വീണത്. ഇതു പരിശോധിക്കാനെത്തിയതായിരുന്നു എംഎൽഎ. അദ്ദേഹത്തോടൊപ്പം അനുയായികളും പ്രദേശവാസികളും പാലത്തിൽ കയറുകയായിരുന്നു. 

കയറിയവരുടെ ഭാരംതാങ്ങാനാകാതെയാണ് പാലത്തിന്റെ ഒരുഭാഗം തകർന്നുവീണത്. ഉടൻതന്നെ ആളുകൾ പുറകോട്ടു മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിന്റെ തകർന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എംഎൽഎ നിന്നിരുന്നത്. എംഎൽഎയെയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റായ്ച്ചൂരിലെ മൻവി മണ്ഡലത്തിലെ എംഎൽഎയാണ് രാജ വെങ്കട്ടപ്പ നായക.