ഉപതെരഞ്ഞെടുപ്പ്: ചവറയിൽ സിപിഎം തന്നെ; എൽഡിഎഫ് രംഗത്തിറങ്ങി

single-img
5 September 2020
ചവറയിൽ സിപിഎം തന്നെ മത്സരിക്കും എന്നാണ് റിപ്പോർട്ട്.

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടക്കാനിരിക്കെ എൽഡിഎഫും യുഡിഎഫും ഒരുക്കങ്ങൾ ഊർജിതമാക്കി. ചവറയിൽ വിജയൻ പിള്ളയുടെ പകരക്കാരനെ എൽഡിഎഫ് ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാൽ സിപിഎം തന്നെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻസിപിക്ക് നൽകിയ കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർഥിയാകും.

എൽഡിഫിന് സിറ്റിംഗ് സീറ്റുകൾ നിലനിർത്തേണ്ടത് അഭിമാന പ്രശ്നമാണ്. പൊതു തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ജയം അനിവാര്യമാണ്. അതിനാൽ, സർക്കാരിന്റെ നേട്ടങ്ങൾ വാർത്താസമ്മേളങ്ങൾ നടത്തിയും സോഷ്യൽ മീഡിയ കാമ്പയിനിലൂടെയും ജനങ്ങളിലെത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാധ്യമങ്ങളിൽ വരത്തക്കവണ്ണം വിവാദങ്ങൾ കുത്തിപ്പൊക്കാനനുള്ള കഠിന പ്രയത്‌നത്തിലാണ് യുഡിഎഫ് നേതൃത്വം.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും ഇടതുമുന്നണിക്കും സർക്കാരിനും പാലായിലേയും വട്ടിയൂർക്കാവിലേയും അട്ടിമറി വിജയങ്ങൾ വലിയ ആത്മവിശ്വാസം നൽകിയിരുന്നു. നിലവിൽ, കോവിഡ് പ്രതിരോധത്തിലൂടെ സർക്കാരിന്റെ പ്രതിഛായ വർധിച്ച സാഹചര്യമാണ്. പുതിയ വിവാദങ്ങളിൽ പെടുത്തി എൽഡിഎഫിന്റെ ജനസ്വാധീനം കുറയ്ക്കാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

സ്വർണക്കടത്ത് വിവാദം മുതൽ ആരംഭിച്ച വിവാദം ഇപ്പോൾ വെഞ്ഞാറമൂട് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ഇരട്ട കൊലപാതകം വരെ എത്തി. വെഞ്ഞാറമൂട് കൊലപാതകങ്ങൾ യുഡിഎഫിനെ, പ്രത്യേകിച്ച് കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും ജനമനസ്സുകളിൽ എത്തിക്കാനായാൽ പാലായിലേയും വട്ടിയൂർക്കാവിലേയും വിജയങ്ങൾ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാനാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.