തീക്കട്ടയിൽ തന്നെ ഉറുമ്പരിച്ചു: ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും ട്രഷറി ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ തട്ടിയെടുത്തതായി ആരോപണം

single-img
1 August 2020

ട്രഷറി ഉദ്യോഗസ്ഥൻ ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിൽനിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ. മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പെന്നാണ് പുറത്തു വരുനന് വിവരങ്ങൾ. ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണോ അതോ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റി വ്യക്തമായിട്ടില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത `മെട്രോ വാർത്ത´ പറയുന്നു.

വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31ന് സർവീസിൽനിന്ന് വിരമിച്ചു. അതിന് രണ്ടുമാസം മുമ്പ് അദ്ദേഹം വിരമിക്കലിന് മുന്നോടിയായുള്ള അവധി (എൽപിആർ) യിലായിരുന്നു. ഇദ്ദേഹത്തിന്‍റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണ് പ്രതിസ്ഥാനത്ത്.  രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്‌റ്ററെയും വ്യാഴാഴ്ച അറിയിച്ചതായാണ് വിവരം. എന്നാൽ, ഇന്നലെയും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നുള്ളതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 

സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർ നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുന്നത്.

ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ ആ ഇടപാടിന്‍റെ വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് സീനിയർ അക്കൗണ്ടന്‍റ് ഡിലീറ്റ് ചെയ്തതായും ആരോപണമുണ്ട്. എന്നാൽ, പണം കൈമാറ്റത്തിനുള്ള ‘ഡേ ബുക്കി’ൽ രണ്ട് കോടിയുടെ വ്യത്യാസം കാണപ്പെട്ടു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് ഡേ ബുക് സമർപ്പിക്കാനായില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിയിൽ വന്നത്. 

കൂടുതൽ തുക ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടാവാം എന്നാണ് സംശയം. എന്നാൽ നിലവിൽ രണ്ടു കോടിയുടെ തട്ടിപ്പുമാത്രമേ പുറത്തു വന്നിട്ടുള്ളൂ.കലക്‌റ്ററേറ്റ് മുമ്പ് വഞ്ചിയൂരിലായിരുന്നു. അത് പിന്നീട് കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ദൈനംദിന ഉപയോഗത്തിന്‍റേതല്ലാതെയുള്ള ജില്ലാ കലക്‌റ്ററുടെ ചില അക്കൗണ്ടുകൾ ഇവിടെ തുടരുകയായിരുന്നു. അതിലൊന്നിലെ തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടക്കുന്ന ട്രഷറി വകുപ്പിൽ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് ചുമതലയില്ലാത്ത സാഹചര്യവും തട്ടിപ്പിന് വളമായെന്നാണ് കണ്ടെത്തൽ.  ഒരു സാങ്കേതിക യോഗ്യതയും ഇല്ലാത്ത  സീനിയർ സൂപ്രണ്ടിനാണ് ഐടിയും സെർവറും ഉൾപ്പെടെയുള്ള ചുമതല. ചീഫ് കോർഡിനേറ്റർ സ്ഥാനവും അധിക തുകയും നൽകിയാണ് അദ്ദേഹത്തെ  നിയോഗിച്ചിരിക്കുന്നത്. 

ശമ്പളവും പെൻഷനും നൽകേണ്ടി വരുന്ന എല്ലാ മാസത്തേയും ആദ്യത്തെ ആഴ്ച സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും സാങ്കേതിക പ്രശ്നങ്ങളുണ്ടാവുന്നതും സെർവർ ഡൗണാവുന്നതും പതിവാണ്. എന്നാൽ, അത് പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയുന്ന  ഉദ്യോഗസ്ഥരില്ല. വിരമിച്ചവരുടെ പാസ് വേഡ്, യൂസർ ഐഡി എന്നിവ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ കൃത്യമായി അറിയാമായിരുന്നിട്ടും അത് മാറ്റാതിരുന്നത് ഇത്തരം കാര്യങ്ങളെപ്പറ്റി ചുമതലക്കാർക്ക് ധാരണയില്ലാത്തതുകൊണ്ടാണ്. എന്നാൽ, ട്രഷറി വകുപ്പിൽ തന്നെ സാങ്കേതിക യോഗ്യതയുള്ളവരുണ്ടെങ്കിലും അവരെ ഇത്തരം ചുമതലകളിൽ നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.