ശക്തമായ മഴയില്‍ വെള്ളം കയറാന്‍ സാധ്യത; ‘മിന്നല്‍ മുരളി’ യുടെ സെറ്റ് പൂര്‍ണമായി പൊളിച്ചു നീക്കി

single-img
3 June 2020

ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി തയ്യാറാക്കിയ ആലുവ മണപ്പുറത്തെ സെറ്റ് പൂര്‍ണമായി പൊളിച്ചു നീക്കി. ക്ഷേത്ര കമ്മിറ്റി മുന്നോട്ടുവെച്ച ആവശ്യ പ്രകാരമാണ് പൊളിച്ചത്. കേരളത്തിൽ കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിംഗിനായി ആലുവ ക്ഷേത്രത്തിന്റെ സ്ഥലത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് കഴിഞ്ഞ മാസം ഒടുവിൽ അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തത് വലിയ വിവാദമായിരുന്നു.

ലോക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ സിനിമയുടെ ചിത്രീകരണം ഇവിടെ നടന്നിരുന്നില്ല. അതിനിടെ കഴിഞ്ഞ മാസത്തിൽ അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിക്കുകയായിരുന്നു. ഈ സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.