എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം; കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

single-img
7 April 2020

രാജ്യമാകെ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ എംപി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തിനായി വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക അപര്യാപ്തമായ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ട് കൂടി ചെലവഴിക്കേണ്ട സാഹചര്യമുണ്ട്.

കേരളത്തില്‍ ചില എംപിമാര്‍ ഇതിനായി നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയിലൂടെ ഈ തുക നഷ്ടമാകുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ഈ തുക കേന്ദ്രസര്‍ക്കാരിന്റെ വിഭവ സമാഹരണത്തിലേക്ക് കൂട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് എവിടെയാണെങ്കിലും പ്രകൃതി, ദുരന്തം പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ഏറ്റവും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകേണ്ടത് വികേന്ദ്രീകൃതമായി പ്രാദേശിക തലത്തിലാണ്. അതിന്റെ ഉദാഹരണമായി കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലുമെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും താഴെത്തട്ടിലെ പ്രധാന ചുമതലകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങിനെയുള്ള ഈ ഘട്ടത്തില്‍ എം.പി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അത്യാവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ എം.പി ഫണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.