തിരുവനന്തപുരത്ത് നിന്ന് കാസ‍ർകോട് വരെ പോയി മത്സ്യബന്ധനം; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

single-img
28 March 2020

ലോക്ക് ഡൌൺ, കൊറോണക്കെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശം എന്നിവ നിലനിൽക്കെ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം ഇവയൊന്നും അനുസരിക്കുന്നില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാസ‍ർകോട് വരെ പോയി മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിരുന്നു.

ഇവർ പൊഴിയൂരിൽ വന്ന് മത്സ്യലേലം നടത്തുന്ന സ്ഥിതിയുമുണ്ടായി. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് കഴിയുന്ന കാസർകോട്ടേക്ക് ലോക്ക് ഡൗൺ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികൾ പോയത്. ഇത്തരത്തിലുള്ള പ്രവൃത്തി അനുവദിക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം കാസർകോട്ടേക്ക് മത്സ്യബന്ധനത്തിന് പോയത് 26 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇപ്പോൾനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മത്സ്യബന്ധനശേഷം തീരത്തേക്ക് എത്തുന്ന തൊഴിലാളികളെ ക‍ർശനമായി നിരീക്ഷിക്കാൻ കോസ്റ്റ് ഗാർഡിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ തന്നെ തിരുവനന്തപുരം ജില്ലയിൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയതായി കടകംപള്ളി വ്യക്തമാക്കി.

ഇതുവഴി ഇന്നലെ 7000 പേർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചു കൊടുത്തു. ജില്ലയിൽ ആകെയായി വീടുകളിൽ 10770 പേ‍ർ നിരീക്ഷണത്തിലുണ്ട്.