വിവാഹത്തിന് ദിവസങ്ങൾക്കു മുമ്പ് വരൻ്റെ പിതാവും വധുവിൻ്റെ മാതാവും ഒളിച്ചോടി: തിരിച്ചെത്തിയവർ കഴിഞ്ഞ ദിവസം വീണ്ടും നാടുവിട്ടു

single-img
2 March 2020

മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വരൻ്റെ പിതാവും വധുവിൻ്റെ മാതാവും വീണ്ടും ഒളിച്ചോടി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. വധുവിന്റെ 46കാരിയായ അമ്മ ശോഭന റോവൽ, വരന്റെ 48കാരനായ അച്ഛൻ ഹിമ്മത്ത് പാണ്ഡവ് എന്നിവരാണ് മക്കളുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒളിച്ചോടിയത്. തുടർന്ന് കുടുംബക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് തിരിച്ചെത്തിയ ഇരുവരും കഴെിഞ്ഞ ദിവസം വീണ്ടും നാടുവിട്ടതായാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ  ഫെബ്രുവരിയിലായിരുന്നു ഇവരുടെ ആദ്യ ഒളിച്ചോട്ടം. ഒരുവർഷം മുമ്പേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ഇവരുടെ മക്കളുടെ വിവാഹം ഫെബ്രുവരി രണ്ടാംവാരമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ വ്യവസായിയും പ്രാദേശിക രാഷ്ട്രീയ പാർട്ടി അംഗവുമായ ഹിമ്മത്തിനെ കാണാതാകഒകയായിരുന്നു. വധുവിൻ്റെ അമ്മയേയും അതേ ദിവസം മുതൽ നവസരിയിൽ നിന്നുള്ള വീട്ടിൽ നിന്നും കാണാതായി. 

തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും, ഒളിച്ചോടിയതാണെന്നുമൊക്കെ ബന്ധുക്കൾക്ക് മനസിലായത്. ഇതോടെ മക്കളുടെ വിവാഹം മുടങ്ങുകയും ചെയ്തു. പൊലീസിൻ്റെ  സഹായത്തോടെ ഇവരെ കണ്ടെത്തി ഇരുവരേയും തിരിച്ചു കൊണ്ടുവന്നിരുന്നു. ഹിമ്മത്ത് തന്റെ കുടുംബത്തിനൊപ്പം പോയെങ്കിലും ശോഭനയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. 

തുടർന്ന് ശോഭന സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും ഇവരെ കാണാതായി. പക്ഷേ ഇത്തവണ ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.