ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 30 കോടിരൂപ; അന്തംവിട്ട് ദരിദ്ര കുടുംബം

single-img
6 February 2020

ബംഗളുരു: കര്‍ണാടകത്തിലെ ചന്നപട്ടണത്തിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ മുപ്പത് കോടിരൂപ. ഡിസംബര്‍ രണ്ടിനാണ് ചന്നപ്പട്ടണയിലെ പൂക്കച്ചവടക്കാരന്‍ സെയിദ് ബുഹാന്റെ ഭാര്യ രഹ്നയുടെ അക്കൗണ്ടില്‍ 30 കോടിരൂപയെത്തിയത്. എന്നാല്‍ ഇവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. കുറഞ്ഞ തുകയ്ക്ക് നിത്യജീവിതം കഴിഞ്ഞുപോകുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇത്രയും വലിയ തുക വന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ പൂക്കടക്കാരന്റെ വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. എന്നാല്‍ പണം തങ്ങള്‍ നിക്ഷേപിച്ചതല്ലെന്ന് വ്യക്തമാക്കിയതോടെ ബാങ്ക് അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചു.

ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാരാണ് ഈ പണം നിക്ഷേപിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ വെറും അറുപത് രൂപമാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സെയിദ് ബുഹാന്റെ മൊബൈലിലേക്ക് മാരുതി കാര്‍ സമ്മാനമായി അടിച്ചെന്നും ഇത് ലഭിക്കണമെങ്കില്‍ 6900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും പറഞ്ഞ് ഒരാളുടെ കോള്‍ ലഭിച്ചതായി അദേഹം പറഞ്ഞു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും ഭാര്യയുടെ ചെവിയുടെ ഓപ്പറേഷന് വേണ്ടി രണ്ട് ലക്ഷം രൂപയ്ക്കായി താന്‍ കഷ്ടപ്പെടുകയാണെന്നും ബുഹാന്‍ ഫോണ്‍ വിളിച്ചയാളോട് പ്രതികരിച്ചു. ആവശ്യപ്പെട്ടത് അനുസരിച്ച് ബാങ്ക് വിവരങ്ങളും നല്‍കി. പിന്നീട് മുപ്പത് കോടി രൂപ താങ്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും പതിനഞ്ച് കോടിരൂപ തിരികെ നല്‍കണമെന്നും വീണ്ടും കോള്‍ വന്നുവെന്ന് ബുഹാന്‍ പറഞ്ഞു. എന്നാല്‍ ഇത് അദേഹവും കുടുംബവും കാര്യമായി എടുത്തിരുന്നില്ല. പിന്നീടാണ് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്.