ഫേസ്ബുക്കില്‍ മതവിദ്വേഷപ്രചരണവും തെറിയാഭിഷേകവും ഭീഷണിയും;സൂപ്പര്‍വൈസറായ സംഘപരിവാർ പ്രവർത്തകനെ പിരിച്ചു വിട്ട് ലുലുഗ്രൂപ്പ്

single-img
21 December 2019

പൗരത്വഭേദഗതി പ്രതിഷേധം ശക്തമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മതവിദ്വേഷ പ്രചരണം ഫേസ്ബുക്കിലൂടെ നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് ലുലുഗ്രൂപ്പ്. ദുബൈയിലെ ലുലുഗ്രൂപ്പിലെ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന ഉണ്ണി പുതിയേടത്തിനെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്.
മതവിദ്വേഷ പ്രചരണവും ആളുകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കമന്റിട്ടതിനെ തുടര്‍ന്ന് ഇയാളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ലുലുഗ്രൂപ്പിന്റെ നടപടി.

ഇയാളുടെ ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് ലുലുഗ്രൂപ്പിന്റെ നിലപാടെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പൗരത്വഭേദഗതിക്ക് എതിരെ ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയില്‍ തെറിയാഭിഷേകം നടത്തുകയും ഭീഷണിപ്പെടുത്തുകയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത് ഉണ്ണി പുതിയേടത്ത് രംഗത്തെത്തിയത്. നേരത്തെ സോഷ്യല്‍മീഡിയയില്‍ വര്‍ഗീത പരാമര്‍ശംനടത്തിയ ജീവനക്കാരനെ ലുലുഗ്രൂപ്പ് പിരിച്ചുവിട്ടത് വാര്‍ത്തയായിരുന്നു.