ഐസിസ് തലവന് ബാഗ്ദാദിയുടെ മരണം ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് ട്രംപ്;സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചത് മാധ്യമങ്ങളോട് വിവരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്

single-img
27 October 2019
Donald Trump confirms the death of Islamic State leader Abu Bakr al-Baghdadi

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ് അറിയിച്ചു.സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്സാണ് ദൗത്യം നിര്‍വഹിച്ചതെന്നും സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങള്‍ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തെ കണ്ട് ഭയന്ന് തന്‍റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് പറയുന്നത്. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.