തെരുവുപശുക്കളെ ഗോശാലകളിലേയ്ക്കയച്ച് ശരിയായ ഗോഭക്തനാകൂ: കമൽ നാഥിനോട് ദിഗ്വിജയ സിങ്

single-img
11 October 2019

ദേശീയപാതകളിൽ അലഞ്ഞു നടക്കുന്ന തെരുവുപശുക്കൾ അപകടങ്ങളുണ്ടാക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ്. അലഞ്ഞു നടക്കുന്ന തെരുവുപശുക്കളെ ഗോശാലകളിലേക്കയ്ക്കാൻ മുൻകയ്യെടുക്കണമെന്ന് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

ഭോപ്പാൽ-ഇൻഡോർ ദേശീയപാതയിൽ പശുക്കൾ കൂട്ടമായി നിൽക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദിഗ്വിജയ സിങ് തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്. “ഗോമാതാവിനെ സ്നേഹിക്കുന്ന ഗോരക്ഷകരൊക്കെ എവിടെ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

“ മധ്യപ്രദേശ സർക്കാർ ഉടൻ തന്നെ ഈ അലഞ്ഞുനടക്കുന്ന പശുക്കളെ ദേശീയ പാതയിൽ നിന്നും നീക്കം ചെയ്ത് അവയെ ഗോശാലകളിലെത്തിക്കണം. കമൽ നാഥ്ജി, അങ്ങേയ്ക്ക് ഇത് ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ അങ്ങയെ ശരിയായ ഒരു ഗോഭക്തനായി കണക്കാക്കുവാൻ സാധിക്കും. സ്വയം ഗോഭക്തരെന്ന് വിളിക്കുന്ന ബിജെപി നേതാക്കൾക്ക് അതൊരു പാഠവുമാകും.”

ദിഗ്വിജയ് സിങ് ട്വിറ്ററിൽ കുറിച്ചു.