മരട് നഗരസഭയില്‍ പുതിയ സെക്രട്ടറിക്കെതിരെ ആരോപണവുമായി ഭരണസമിതി

single-img
28 September 2019

കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ പുതിയ സെക്രട്ടറിക്കെതിരെ പരാതിയുമായി മരട് നഗരസഭാ ഭരണസമിതി രംഗത്തെത്തി. പുതിയ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ ഐഎഎസിനെതിരെയാണ് ആരോപണം.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുമതല നല്‍കിയതോടെ സെക്രട്ടറി നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഫ്‌ളാറ്റു പൊളിക്കല്‍ നടപടികള്‍ ഭരണസമിതിയെ അറിയിക്കുന്നില്ല,
ഫയലുകളില്‍ ഒപ്പിടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആണ് കത്ത് നല്‍കിയത്. മൂന്നു ദിവസം മുന്‍പാണ് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനെ നിയമിച്ചത്. പിന്നാലെ പ്രതിഷേധവുമായി മരട് നഗരസഭാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് ചേരും.