സോഷ്യൽ മീഡിയയും ആധാറും പിന്നെ സുപ്രീം കോടതിയും

single-img
20 August 2019

സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു അറ്റോർണി ജനറൽ ഈ വാദമുന്നയിച്ചത്. പ്രസ്തുത കേസിൽ തമിഴ്നാട് സർക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാൽ ഹാജരായത്.

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. നിലവിൽ ഈ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി. സമൂഹത്തിലെ സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയാ അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേയില്ല.

അതേസമയം ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഭീകരവാദപ്രവർത്തനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതൊക്കെ തടയാൻ സാധിക്കുമെന്നുമാണ് തമിഴ്നാട് സർക്കാരിന്‍റെ വാദം. ഈ കേസ് സെപ്റ്റംബർ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.