കാമുകനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കി; ദലിത് യുവതിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി

single-img
13 August 2019

രാജസ്ഥാനിലുള്ള ബന്‍സ്വാര ജില്ലയില്‍ നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. പത്തൊന്‍പത് വയസുള്ള ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ മാസം 13ന് രാത്രി 10 മണിയോടെ ബന്‍സ്വാര ടൗണില്‍നിന്ന് ഗ്രാമത്തിലേക്ക് കാമുകനോടൊപ്പം യുവതി ബൈക്കില്‍ യാത്ര ചെയ്യവേയാണ് സംഘം ഇവരെ പിടികൂടിയത്. സംഘാംഗങ്ങള്‍ കാമുകനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗ ശൂന്യമായ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി, സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവരെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാത്സംഗം ചെയ്തു. അതിനുശേഷം ക്രൂരമായി മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു.ഈ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഇതോടൊപ്പം പെണ്‍കുട്ടിയുടെ കാമുകന്‍റെ ഫോണ്‍ സംഘം മോഷ്ടിക്കുകയുണ്ടായി. യുവതിയെ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നില്ല. ഇവര്‍ ഇതുവരെ വിവാഹിതരാകത്തതിനാല്‍ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. എന്നാല്‍ യുവാവിന്‍റെ ആത്മഹത്യയെക്കുറിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. ആത്മഹത്യ ചെയ്ത യുവാവിന്‍റെ ഫോണ്‍ അക്രമികളിലൊരാളായ ജിതേന്ദ്രയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ പ്രതികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.