പെൺകുട്ടിയുടെ മൃതദേഹം അന്വേഷിച്ച് ചെന്ന പോലീസിന് കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം; കോയമ്പത്തൂരില്‍ ‘ദൃശ്യം’ മോഡൽ കൊലപാതകം

single-img
4 August 2019

മലയാളത്തിൽ മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ദൃശ്യം സിനിമയിലെ പോലെ കൊലപാതകം കോയമ്പത്തൂരിലും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം തേടിച്ചെന്ന പൊലീസിനു കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡമായിരുന്നു. ഡിണ്ടിഗലിലെ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി.മുത്തരശിയെന്ന വിദ്യാർത്ഥിനിയെ കാമുകനാണു കൊന്നു കുഴിച്ചുമൂടിയതെതെന്ന് പോലീസ് പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് മുത്തരശിയെ കാണാതാകുന്നത്. ഇവരെ കാണാനില്ല എന്ന് സഹോദരി തമിഴരശി പരാതി നൽകിയതോടെ പോലീസ് അന്വേഷണം തുടങ്ങി. പോലീസിന്റെ അന്വേഷണത്തില്‍ മുത്തരശിയും ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി തുടര്‍ന്ന് പോലീസ് ഭരതിനെ ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ പുറത്തുവരുന്നത്.

ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മുത്തരശിയും ഭരതും ഒളിച്ചോടി. എന്നാല്‍ അതേ ദിവസം തന്നെ ഇരുവരും തമ്മിൽ വഴക്കിട്ടു. അതിനൊടുവില്‍ ഭരത് മുത്തരശിയെ അടിച്ചു. ഭരതിന്റെ ഈ അടിയില്‍ മുത്തരശി കൊല്ലപ്പെടുകയായിരുന്നു.

മുത്തരശിയുടെ മരണത്തെ തുടര്‍ന്ന് ഭയന്നുപോയ ഭരത് അമ്മയെ വിവരമറിയിച്ചു. അമ്മ ഭരതിനോട് മൃതദേഹവുമായി ആത്തുകൽപാളയത്തെ വീട്ടിലേക്കു വരാൻ നിർദേശിച്ചു. തുടര്‍ന്ന് മൃതദേഹം വീടിനു പുറകിൽ കുഴിച്ചിട്ടു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു.

എന്നാല്‍ വീടിനു പുറകിൽ നിന്നും രൂക്ഷഗന്ധം വരുന്നുണ്ടെന്നും സഹിക്കാനാകുന്നില്ലെന്നും വധു പരാതി പറഞ്ഞതോടെ മാതാപിതാക്കൾ ഇരുവരെയും ഭാര്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഈ സമയം മുത്തരശിയെ കാണാനില്ലെന്നുള്ള കേസ് പാതിവഴിയിൽ നിലച്ച അവസ്ഥയായിരുന്നു.പക്ഷെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ കേസ് അന്വേഷണം മുറുകി.

പോലീസ് ഭരതിനെ ചോദ്യം ചെയ്തപ്പോൾ മൃതദേഹം വീടിനു പുറകിൽ കുഴിച്ചിട്ടെന്നു സമ്മതിച്ചു. യുവതിയുടെ മൃതദേഹം അന്വേഷിച്ച് അവിടെയെത്തിയ പോലീസിന് മൃതദേഹം കുഴിച്ചിട്ടെന്നു പറയുന്ന കുഴിയിൽ നിന്നും കിട്ടിയതു പട്ടിക്കുട്ടിയുടെ ശവശരീരമായിരുന്നു. തുടര്‍ന്നുണ്ടായ കൂടുതൽ ചോദ്യം ചെയ്യലിൽ ജ്യോതിഷിയുടെ നിർദേശപ്രകാരം ഭരതിന്റെ അച്ഛൻ മൃതദേഹം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞെന്നു വ്യക്തമായി. മാത്രമല്ല ജോത്സ്യന്റെ നിർദേശപ്രകാരമാണ് പട്ടിക്കുട്ടിയെ കുഴിച്ചിട്ടതും. പോലീസ് കൂടുതൽ വിവരങ്ങളറിയാൻ ജ്യോതിഷിയെയും ഭരതിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യും.