ഉന്നാവോ ലൈംഗികാതിക്രമ കേസ് ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടു; അമ്മയും അഭിഭാഷകനും കൊല്ലപ്പെട്ടു

single-img
28 July 2019

ബിജെപിയുടെ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ യുവതി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മാതാവും അഭിഭാഷകനും കൊല്ലപ്പെട്ടു. അപകടത്തില്‍ യുവതിയടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് റായ്ബറേലിയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടതായും മഴയാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരയായ യുവതിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. തന്റെ മകളെ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിന്റെ പിന്നാലെയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. 2017ല്‍ ബിജെപി എംഎല്‍എയുടെ വീട്ടില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.