ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്? മരണത്തിൽ സംശയങ്ങളുന്നയിച്ച് കുടുംബാംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
1 June 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളും സംശയങ്ങളുമായി കുടുംബാംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബാലഭാസ്കറിന്റെ അമ്മയുടെ സഹോദരിയുടെ മകളായ പ്രിയ വേണുഗോപാൽ ആണ് നിരവധി സംശയങ്ങളും വെളിപ്പെടുത്തലുകളുമായി ഫെയ്സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ബാലഭാസ്കറിന്റെ കുടുംബപശ്ചാത്തലവും വിവാഹജീവിതവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന കുറിപ്പിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട 16 ചോദ്യങ്ങളാണ് പ്രിയ ഉന്നയിക്കുന്നത്. പാലക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമം ഉടമ ഡോ. രവീന്ദ്രനാഥിന്റെ ഭാര്യ ലതയ്ക്കു നേരേയും നിരവധി ആരോപണങ്ങൾ കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. ലതയുടെ സഹോദരപുത്രനാണ് ബാലഭാസ്കറിന് അപകടമുണ്ടായ ദിവസം കാറോടിച്ചിരുന്നതായി പറയപ്പെടുന്ന അർജ്ജുൻ എന്നും പ്രിയ പറയുന്നു. ലത ബാലഭാസ്കറിന്റെ മാനേജർമാരെയടക്കം തന്റെ നിയന്ത്രണത്തിലാക്കിയിരുന്നുവെന്നും പ്രിയ ആരോപിക്കുന്നു.

“  ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?
ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ?” പ്രിയ ചോദിക്കുന്നു.

അപകടമുണ്ടായി ആശുപത്രിയിൽ കഴിയുമ്പോൾ സാധാരണനിലയിലേയ്ക്ക് തിരിച്ചുവരികയായിരുന്ന ബാലഭാസ്കർ പെട്ടെന്ന് മരണപ്പെടുകയായിരുന്നുവെന്നും മരിക്കുന്നതിനു മുന്നേ ഒടുവിൽ അദ്ദേഹത്തെ കണ്ടയാൾ അദ്ദേഹത്തോട് അരുതാത്തത് എന്തെങ്കിലും പറഞ്ഞിട്ടാണോ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നും പ്രിയ ചോദിക്കുന്നു.

“ എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?” പ്രിയയുടെ കുറിപ്പിൽ ചോദിക്കുന്നു.

ബാലഭാസ്കറിനെ അവസാനം സന്ദർശിച്ചത് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയാണ് ബാലഭാസ്കറിനെ അവസാനം സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയ്ക്ക് നേരെയും നിരവധി ആരോപണങ്ങളുണ്ട്. ബാലഭാസ്കർ മനോരോഗിയാണേന്നാരോപിച്ച് അദ്ദേഹത്തെ നിരന്തരം ഡോക്ടർമാരെ കാണിക്കുന്ന സ്വഭാവം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നും പലപ്പോഴും വിവാഹമോചനത്തെക്കുറിച്ച് ബാലഭാസ്കർ സംസാരിക്കുമായിരുന്നുവെന്നും പ്രിയ ആരോപിക്കുന്നു. ബാലഭാസ്കറിന്റെ സ്വത്തും പണവുമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഭാര്യയും സുഹൃത്തുക്കളും കൂടിയായിരുന്നുവെന്നും ആരോപിക്കുന്നുണ്ട്.

തങ്ങൾക്കുണ്ടായിരുന്ന സംശയങ്ങൾ ബലപ്പെടുത്തുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് തുറന്ന് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് പ്രിയ വെണുഗോപാൽ ഇവാർത്തയോട് പറഞ്ഞു. കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ് പ്രിയ.

പ്രിയ വേണുഗോപാൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇവയാണ്:

# 1. എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?

# 2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?

# 3. ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ?

# 4. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാർ കാർഡ് ചോദിച്ചപ്പോൾ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നൽകാത്തതെന്തുകൊണ്ട്?

# 5. പോലീസ് രേഖകൾ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?

# 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?

# 7. മേൽപ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകൻ) ആണ് കാറോടിച്ച അർജുൻ എന്നത് ചർച്ചയാവാത്തതു എന്തുകൊണ്ട്?

# 8. ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? 

# 9 . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?

# 10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്? 

# 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?

# 12 ഓർമയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാൻ താൽപ്പര്യമില്ല എന്ന മട്ടിൽ ലക്ഷ്മി ഉണർന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?

# 13 . ബാലുവിന് വേണ്ടി സന്ദർശക നിയന്ത്രണം കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാൻ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?

# 14 ബാലുവിന്റെ മരണശേഷം ബലിക്രിയകൾക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടിൽ കയറ്റാത്തതു എന്ത് കൊണ്ട്?

# 15 ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്? 

# 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?

ബാലഭാസ്കർ _ ഞങ്ങളുടെ അനുഭവവും, ഞങ്ങളറിഞ്ഞ സത്യവും..ബാലഭാസ്കർ എന്ന ഞങ്ങളുടെ ബാലുച്ചേട്ടൻ ഈ ലോകം വിട്ടു പോയ 2018…

Posted by Priya Venugopal on Saturday, June 1, 2019