‘പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല’; ബിജെപിയെ ഞെട്ടിച്ച് നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്

single-img
16 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാൽ ബിജെപി വീണ്ടും സർക്കാരുണ്ടാക്കുന്നതു തടയാൻ പ്രതിപക്ഷ പാർട്ടികൾ മുൻകരുതൽ എടുക്കുന്നുവെന്ന സൂചനകൾ ശരിവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വെവ്വേറെയാണു മൽസരിച്ചതെങ്കിലും വിധി വരും മുൻപ് കോൺഗ്രസ് എല്ലാ മതേതരപ്പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്ന് ആസാദ് പറഞ്ഞു.

എൻഡിഎ വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല – ഗുലാം നബി ആസാദ് പറഞ്ഞു. ”ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മൾ. പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസ്സിലായത് എൻഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എൻഡിഎ ബിജെപി വിരുദ്ധ സർക്കാർ ഇനി അധികാരത്തിൽ വരും”, ആസാദ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാനഘട്ടത്തിലെത്തി നിൽക്കേ പിടിവാശികളില്ലെന്ന സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ സഖ്യകക്ഷികൾക്ക് നൽകുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൂടെക്കൂട്ടാതെ മത്സരിച്ച എസ്പി ബിഎസ്പി മഹാസഖ്യത്തിനും സഖ്യത്തിന് വിസമ്മതിച്ച ആം ആദ്മി പാർട്ടിക്കും ഉള്ള സന്ദേശമാണിത്.